എരുമേലി: ശബരിമല സീസണിൽ ജലവിതരണം കാര്യക്ഷമമല്ലെന്ന പരാതി പരിഹരിക്കാമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. ഇത്തവണത്തെ തീർഥാടന അവലോകന മുന്നൊരുക്ക യോഗത്തിൽ പങ്കെടുത്ത് പരിഹാരം സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് നേതാക്കൾ നൽകിയ നിവേദനത്തിലാണ് മന്ത്രി ഉറപ്പ് നൽകിയത്.
നിലവിൽ ശബരിമല സീസണിൽ ഉൾപ്പെടെ എരുമേലി മേഖലയിൽ ജല അഥോറിറ്റി വെള്ളം നൽകുന്നത് പമ്പാനദിയിൽനിന്നാണ്. ഇതാകട്ടെ തൊട്ടടുത്ത പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ഡാമിൽനിന്നാണ്. ഈ പദ്ധതി തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും പദ്ധതി പൂർത്തിയായിട്ടില്ല. ഇതേ പദ്ധതി ഉപയോഗിച്ചു വേണം എരുമേലി പഞ്ചായത്ത് വാർഡുകളിൽ വെള്ളം നൽകാൻ.
മുട്ടപ്പള്ളി, കണമല ഉൾപ്പെടെ കിഴക്കൻ മേഖലയിലെ വാർഡുകളിൽ പൈപ്പും കണക്ഷനും ആക്കിയെങ്കിലും വെള്ളം നൽകാനായില്ല. ഇതേ അവസ്ഥയാണ് തൊട്ടടുത്ത എലിവാലിക്കര, ഇരുമ്പൂന്നിക്കര, തുമരംപാറ വാർഡുകളിൽ. കഴിഞ്ഞയിടെ ചേനപ്പാടി, പഴയിടം, കിഴക്കേക്കര, ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ വാർഡുകളിലും പൈപ്പുകൾ സ്ഥാപിച്ചതാണ്. എന്നാൽ, ഇവിടെയും ജല വിതരണം ഇല്ല.
ചുരുക്കത്തിൽ എരുമേലി ടൗണിലും സമീപ പരിസരങ്ങളിലും മാത്രമാണ് വെള്ളം നൽകാൻ കഴിയുന്നത്. ഈ സാഹചര്യം പരിഹരിച്ച് എല്ലായിടത്തും വെള്ളം നൽകണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്.
ഇക്കാര്യം മന്ത്രിക്ക് നിവേദനം നൽകി അറിയിച്ചെന്നും എരുമേലി, പമ്പ, എന്നിവിടങ്ങളിൽ ഇത്തവണത്തെ തീർഥാടന മുന്നൊരുക്ക യോഗങ്ങൾ നടക്കുമ്പോൾ താൻ പങ്കെടുത്ത് ഈ വിഷയം പരിഹരിക്കുന്ന നടപടികൾ അവലോകനം ചെയ്യാമെന്ന് മന്ത്രി മോൻസ് ജോസഫ് അറിയിച്ചെന്ന് കേരള കോൺഗ്രസ് നേതാക്കളായ ജോസി ചിറ്റടി, എബി കാവുങ്കൽ, മാമച്ചൻ എന്നിവർ അറിയിച്ചു.